വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ് കിലോ ഭാരമാണ് മറ്റ് വിമാനങ്ങളിൽ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം. ഈ ഭാര പരിധിയിൽ ഒരു ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യിൽ കരുതാനാവും. ഇതിന് പുറമെ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികം (പരമാവധി 13 കിലോ) ഭാരം ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്.
പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർവരെ നീളവും 40 സെന്റിമീറ്റർ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി അറിയിച്ചു. ബാക്‌പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാവുന്നത്. രണ്ടു ബാഗുകളും 10 കിലോയിൽ കൂടരുതെന്നാണ് തീരുമാനം. നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.
ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. മുൻപ് എയർ അറേബ്യയിലെ യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഭാരം 7 കിലോ വരെയായിരുന്നു. ഈ ഭാര അളവിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പ്രവാസി മലയാളികളടക്കം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.