അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില ക്രമീകരിച്ചിരിക്കുന്നത്. ഏഷ്യ, അമേരിക്ക എന്നീ രണ്ട് മേഖലകളായി വിഭജിക്കുന്ന ഉദ്യാനത്തിൽ ഓരോ മേഖലകളിലും വസിക്കുന്ന ശലഭങ്ങളായിരിക്കും ഉണ്ടാവുക
ഉഷ്ണമേഖലാ മൃഗങ്ങളുടെയും അപൂർവ മഴക്കാടുകളുടെ ജീവിവർഗങ്ങളുടെയും ഒരു ശേഖരവും ഉണ്ടായിരിക്കും. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് അകലെയും നാഷണൽ അക്വേറിയത്തിന് എതിർവശത്തുമായി അൽ ഖാന വാക്ക് ഏരിയയിലാണ് ഈ ആകർഷണം സ്ഥിതി ചെയ്യുന്നത്.നട്ടുപിടിപ്പിച്ച പാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും കഴിയുന്ന രീതിയിലാണ് ഉദ്യാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യുഎഇയിലെ ആദ്യത്തെ ശലഭ ഉദ്യാനം ഷാർജയിലെ അൽനൂർ ഐലൻഡിലാണ് തുറന്നത്. പിന്നീട് ദുബായിലെ മിറക്കിൾ ഗാർഡനിലും തുറന്നു. അബുദാബി എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയിലെ ഏറ്റവും പുതിയ ആകർഷണമാകും ശലഭ പാർക്ക്.

