അബുദാബി മറൈൻ ഫെസ്റ്റിവൽ 2026 ജനുവരി 10-ന് ആരംഭിക്കും. അബുദാബി മറൈൻ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഈ ജലമേള 2026 ജനുവരി 10 മുതൽ ജനുവരി 18 വരെ നീണ്ട് നിൽക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണത്തെ അബുദാബി മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി അഞ്ച് വ്യത്യസ്ത മറൈൻ ചാമ്പ്യൻഷിപ്പുകൾ അരങ്ങേറുന്നതാണെന്ന് അബുദാബി മറൈൻ സ്‌പോർട്‌സ് ക്ലബ് അറിയിച്ചിട്ടുണ്ട്.
ആധുനിക ജലകായിക മത്സരങ്ങളെ പരമ്പരാഗത ജലകായിക മത്സരങ്ങളുമായി സമന്വയിപ്പിക്കുന്ന രീതിയിലാണ് ഇവ അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ട ജലകായിക മത്സരപരിപാടികൾ സംഘടിപ്പിക്കുന്നതിൽ ആഗോളതലത്തിൽ അബുദാബിയെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ജലമേള ഒരുക്കുന്നത്.
അബുദാബി മറൈൻ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി 60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളുടെ റേസ്, 22 അടി നീളമുള്ള അറബി പായ്ക്കപ്പലുകളുടെ റേസ്, 12 അടി നീളമുള്ള പായ് വഞ്ചികളുടെ റേസ് തുടങ്ങിയവ അരങ്ങേറുന്നതാണ്. ഇതോടൊപ്പം സംഘടിപ്പിക്കുന്ന അബുദാബി വിമൻസ് ഫിഷിങ് ചാംപ്യൻഷിപ് ജനുവരി 10-നും, യു എ ഇ ഫോർമുല 4 പവർബോട്ട് ചാംപ്യൻഷിപ് ജനുവരി 17, 18 തീയതികളിലും നടക്കുന്നതാണ്.

