ദുബായ്: 7-മത് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് വിതരണം നാളെ ദുബായ് അൽ നാസർ ലേഷർ ലാന്റിൽ നടക്കും. സിനിമ, സംഗീതം, സാമൂഹ്യ സേവനം, മീഡിയ ( ഇന്ത്യ, യുഎഇ), ബിസിനസ്, സ്പെഷ്യലി എബിൾഡ് എന്നീ വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡുകൾ ആണ് വിതരണം ചെയ്യുക. മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, ഇന്‍റർനാഷണല്‍ അഫയേഴ്സ് ബ്യൂറോ ഡയറക്ടർ ജനറല്‍ ലഫ്റ്റനന്‍റ് കേണല്‍ ദാന ഹുമൈദ് അല്‍ മർസൂഖി എന്നിവർ വിശിഷ്ടാതിഥികളാകും. മുൻ ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, റാസല്‍ ഖൈമ പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സ് ഹാപ്പിനസ് ഡിപാർട്മെന്‍റ് ഡയറക്ടർ ബദെരിയ അഹമ്മദ് ഹസന്‍ അല്‍ ഷെഹി എന്നിവർ മുഖ്യ അതിഥികളായും ചടങ്ങിൽ പങ്കെടുക്കും.
മാധ്യമ വിഭാഗത്തിൽ എം.വി. നികേഷ് കുമാർ (റിപ്പോർട്ടർ), വേണു ബാലകൃഷ്ണൻ (24 ന്യൂസ്), അനൂപ് കീച്ചേരി (റേഡിയോ ഏഷ്യ), ആർ.പി. കൃഷ്ണ പ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്), ലിസ് മാത്യു (ഇന്ത്യൻ എക്സ്പ്രസ്), മാതു സജി (മാതൃഭൂമി ന്യൂസ്), ബിഞ്ജു എസ്. പണിക്കർ (മനോരമ ന്യൂസ്), മനോഹര വർമ, ആർ.ജെ നിമ്മി (ഹിറ്റ് എഫ്.എം) അരുൺ പാറാട്ട് (24 ന്യുസ്) എന്നിവരും പുരസ്കാരങ്ങൾ നേടി. സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്, വിജയ് യേശുദാസ്, അമൃത സുരേഷ്, ഷറഫുദ്ദീൻ, സിദ്ധാർഥ് ഭരതൻ, നിമിഷ സജയൻ, അജയ് കുമാർ, എം.കെ. സോമൻ, ആയിഷ അബ്ദുൽ ബാസിത്, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ് പുരസ്കാര ജേതാക്കൾ. സാമൂഹിക പ്രവർത്തകരായ ദയ ഭായ്, അഷ്റഫ് താമരശേരി, പി.ആർ. റെനീഷ്, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ് തങ്ങൾ എന്നിവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. നാളെ വൈകുന്നേരം 4 മണി മുതൽ പ്രവേശനം അനുവദിക്കും, പ്രവേശനം സൗജന്യമാണ്. 30 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ എക്സ്സലൻസ് അവാർഡിന് മാറ്റുകൂട്ടും. 2016 ഇൽ ആണ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യ എഡിഷൻ സംഘടിപ്പിച്ചത്. ദുബായ് പോലീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എക്സ്സലൻസ് അവാർഡ് 2023 ന്റെ ഭാഗമായി മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആദ്യമായി ബി ടുബി ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. മെയ് 28 ന് ദുബായ് ദേരയിലുള്ള ക്രൗൺ പ്ലാസയിൽ ബിസിനസ് മീറ്റ് CONFAB 2023 നടക്കും. ഇന്ത്യയിൽ നിന്നും ജിസിസി യിൽ നിന്നും ഉള്ള ബിസിനസ് രംഗത്തെ ക്ഷണിക്കപ്പെട്ട 400 ൽ പരം പ്രമുഖർ CONFAB 2023ൽ പങ്കെടുക്കും. വ്യവസായ രംഗത്ത് പുതിയ നിക്ഷേപങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് CONFAB 2023 വഴി വിഭാവനം ചെയ്യുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് ദുബായിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ് റഫീഖ്, ദുബായ് പൊലീസിലെ അസ്മ മഷൂഖ് അലി, കേരള സർക്കാറിന്‍റെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് സി.കെ. പത്മനാഭൻ, എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.