അബുദാബി – ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനപകടത്തിൽ 4 മലയാളികൾ മരിച്ചു. വാഹനപകടത്തിൽ തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാന അബ്‌ദുൽ റസാഖിൻറെയും മക്കളായ അഷാസ്, അമ്മാർ, അയാഷ് എന്നിവരും ഇവർക്കൊപ്പം കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിനി ബുഷ്റയുമാണ് അപകടത്തിൽ മരിച്ചത്.
ഞായറാഴ്ച്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലുള്ള സമയത്താണ് അപകടമുണ്ടായത്. അബുദാബി ലിവ ഫെസ്‌റ്റിവൽ കണ്ടു മടങ്ങവേ ആണ് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്‌ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബുത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു എ ഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ അറിയിച്ചു. ചമ്രവട്ടത്തെ കുടുംബത്തോടൊപ്പം 5 വർഷം മുൻപാണ് മലപ്പുറം സ്വദേശിനി ബുഷറ ദുബായിലെത്തിയത്.

