ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-മത് പതിപ്പ് 2026 ജനുവരി 26-ന് ദുബായിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടന ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് വേദി സന്ദർശിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ രണ്ട് വേദികളിലായി 280,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് 31-മത് ഗൾഫുഡ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ഗൾഫുഡ് പ്രദർശനം 2026 ജനുവരി 30 വരെ നീണ്ട് നിൽക്കും.
ഗൾഫുഡ് വേദിയിലൂടെ സന്ദർശനം നടത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ, പരിപാടിയിൽ പ്രദർശിപ്പിച്ച നൂതന പരിഹാരങ്ങൾ, ആഗോള ഭക്ഷ്യ വ്യാപാരം, വിതരണ ശൃംഖലയുടെ കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഈ പ്രദർശനത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം നേരിട്ട് മനസ്സിലാക്കി.
ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 195 രാജ്യങ്ങളിൽ നിന്നുള്ള എണ്ണായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ആഗോള ഭക്ഷ്യ വ്യവസായത്തിന്റെ എല്ലാ വിഭാഗങ്ങളിലുമായി 1.5 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നു. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കും.

