യു.എ.ഇയിൽ ജൂൺ മാസം സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിളിച്ചത് 15,000 കാറുകൾ. പ്രമുഖ സ്പോർട്സ് കാറായ ഫെറാറി ഉൾപ്പെടെയുള്ള കാറുകളാണ് വിവിധ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിളിച്ചത്. ഈ വർഷം ഇതുവരെ 27 തിരിച്ചുവിളിക്കൽ നോട്ടീസിലൂടെ 34,386 കാറുകളാണ് സാമ്പത്തിക മന്ത്രാലയം തിരികെ വിളിച്ചത്. ഫെറാറി 43, ഷെവർലെ 7,126, ഫോർഡ് 2,665, ലിങ്കൻ ഏവിയേറ്റർ 2,080 എന്നിവയാണ് തിരികെ വിളിച്ച പ്രമുഖ മോഡൽ കാറുകൾ.
മെഴ്സിഡസ് ബെൻസ്, ജി.എം.സി, ജീപ്പ്, കിയ, ഡോഡ്ജ്, ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ മോഡലുകലും തിരിച്ചുവിളിച്ചത്തിൽ ഉൾപ്പെട്ടിരുന്നു. 2022നും 23നും ഇടയിൽ ഇറ്റലിയിൽ നിർമിച്ച 43 ഫെറാറി 296 ജി.ടി.ബി, ജി.ടി.എസ് കാറുകളിൽ ഇന്ധന ടാങ്കുമായി ബന്ധിപ്പിക്കുന്ന അലൂമിനിയം പൈപ്പ് മാറ്റാനാണ് നിർദേശം ഉള്ളത്. ഇന്ധന ചോർച്ചക്ക് കാരണമായേക്കുമെന്നാണ് കണ്ടെത്തിയതോടെയാണ് തീരുമാനം. വാഹന ഉടമകൾ കാറുകളുടെ വിതരണക്കാരായ അൽ തായർ, പ്രീമിയം മോട്ടോഴ്സ് എന്നിവയുമായി ബന്ധപ്പെടണമെന്നും ഇവർ സൗജന്യമായി തകരാറുകൾ പരിഹരിച്ച് നൽകണമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
2020നും 23നും ഇടയിൽ ചൈനയിൽ നിർമിച്ച ഷെവർലെയുടെ കാപ്റ്റിവ മോഡൽ കാറുകളിൽ 7,126 എണ്ണത്തിന് കൂളിങ് ഫാൻ, എ.സി ബ്ലോവർ ഫ്യൂസ് എന്നിവക്കാണ് തകരാർ കണ്ടെത്തിയത്. കൂളിങ് ഫാൻ, എ.സി ബ്ലോവർ ഫ്യൂസ് എന്നിവയുടെ തകരാർ നിമിത്തം വാഹനം ഓടിക്കുമ്പോഴോൾ ചൂട് കൂടുതലായി ഉൽപാദിപ്പിക്കുകയും ഇവ എൻജിൻ കമ്പാർട്ട്മെന്റിൽ പുകക്കും തീപിടിക്കുന്നതിനും കാണമാവുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.