കൊൽക്കത്തയിലെ 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനാൽ ഉടൻ അവസാനിക്കുമെന്ന് ഗതാഗത മന്ത്രി സ്നേഹസിസ് ചക്രവർത്തി പറഞ്ഞു. കൊളോണിയൽ കാലത്തെ കൽക്കട്ടയുടെയും ആധുനിക കാലത്തെ കൊൽക്കത്തയുടെയും നഗരസഞ്ചാരത്തിന്റെ മിടിപ്പായിരുന്ന ട്രാം സർവിസ് അവസാനിപ്പിക്കുക്കയാണ്. നഗരത്തിന്റെ ട്രാഫിക് തിരക്ക് ട്രാമുകൾ വർധിപ്പിക്കുന്നുവെന്ന് വിലയിരുത്തിയാണ് പശ്ചിമ ബംഗാൾ സർക്കാർ ട്രാം സർവിസുകൾ പിൻവലിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന വേഗത കുറഞ്ഞ ട്രാമുകൾ പ്രായോഗികമല്ലെന്ന് ചക്രവർത്തി പറഞ്ഞു.
നിലവിൽ, കൊൽക്കത്തയിൽ മാത്രമാണ് ഇപ്പോഴും ട്രാമുകൾ പ്രവർത്തിക്കുന്നത്. നഗരത്തിലെ ട്രാം പ്രേമികൾ ഇവ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.
അതേസമയം, ട്രാം അവശേഷിക്കുന്ന ഇന്ത്യയിലെ ഏക നഗരമായി കൊൽക്കത്തയെ നിലനിർത്താൻ ഒരു റൂട്ടു മാത്രം തുടരും. വിക്ടോറിയ മെമ്മോറിയൽ ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ടു സഞ്ചരിക്കാവുന്ന എസ് പ്ലനേഡ്-മൈതാൻ റൂട്ടാണ് നിലനിർത്തുക. അതുകൊണ്ടുതന്നെ ഇനിയും ട്രാം യാത്ര അനുഭവിച്ചിട്ടില്ലാത്തവർക്ക് നീലയും വെള്ളയുമടിച്ച ട്രാമിന്റെ മരബെഞ്ചിലിരുന്ന് നഗരത്തിരക്കിലൂടെ നീങ്ങാം.