ആറു വർഷത്തോളം ഒരുമിച്ചു കണ്ട സ്വപ്നത്തിന്റെ സാഫല്യമാണ് ‘സുമതി വളവ്’ എന്ന സിനിമയെന്നും മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ സിനിമകൂടിയാണ് ഇതെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വിഷ്ണു ശങ്കര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ സുമതി വളവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള. പുതിയ തലമുറകളുടെ സ്വപ്നവും 90കളിലെ സിനിമകൾ ആണെന്നും സുമതിവളവിൽ 1993 കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതിന് ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റഫറൻസായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹാസ്യവും ഭീതിയും ഒരുപോലെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ കൊടുംകാട്ടിൽ ഏറെ ബുദ്ധിമുട്ടി എടുത്ത ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഹരിശ്രീ അശോകന്റെ മകൻ അർജൂൻ അശോകൻ ആണ് നായകനായി എത്തുന്നത്. മുകേഷിന്റെ മകൻ ശ്രാവൺ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവരും വേഷമിടുന്നുണ്ട്. മാളികപ്പുറത്തിന് കുടുംബപ്രേക്ഷകര്‍ തന്നെ പിന്തുണയാണ് ഈ ചിത്രത്തിന്റെ പ്രേരണയെന്ന് വിഷ്ണു ശശി ശങ്കര്‍ പറഞ്ഞു. സാങ്കേതിക വിദ്യ ഒട്ടും വികസിക്കാത്ത കാലത്ത് നടക്കുന്ന കഥയാണിത്. ആ നാടിനെ പുതിയ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ച് പഴയ സിനിമയുടെ സ്വഭാവം കൊടുത്തതാണ് സുമതി വളവില്‍ സംവിധായകന്‍ കാണിച്ചിരിക്കുന്ന മിടുക്കെന്ന് അർജൂൻ അശോകൻ പറഞ്ഞു.
ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് സിനിമയിലെ പാട്ടുകളെഴുതിയത്. താരങ്ങളായ ബാലു വർഗീസ്, മാളവിക മനോജ്, ശ്രാവണ്‍ മുകേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രിമിയര്‍ ഷോയും അരങ്ങേറി. വാട്ടര്‍മാന്‍ ഫിലിംസ്, ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ യഥാക്രമം മുരളി കുന്നുംപുറത്ത്, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സുമതി വളവ് കേരളത്തിലും ഗള്‍ഫിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.