രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ് റായ് രാ രാ” പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 46 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഗാനത്തിന് 8 ലക്ഷത്തിലധികം ലൈക്സുകളും ലഭിച്ചു. ആഗോളതലത്തിൽ തരംഗമായ ആർ.ആർ.ആറിന് ശേഷം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘പെദ്ധി’. രാം ചരണിന്റെ തകർപ്പൻ നൃത്തച്ചുവടുകളും ജാനി മാസ്റ്ററുടെ കൊറിയോഗ്രഫിയും റഹ്മാന്റെ ഊർജ്ജസ്വലമായ സംഗീതവും ചേർന്നപ്പോൾ ആരാധകർക്ക് ഇതൊരു ദൃശ്യവിരുന്നായി മാറി.
29.21 മില്യൺ കാഴ്ചക്കാരുമായി ഗാനത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം റെക്കോർഡ് നേട്ടം കൊയ്തു. ഇതോടെ ചിത്രത്തിലെ തന്നെ ആദ്യ ഗാനമായ “ചികിരി ചികിരി”യുടെ റെക്കോർഡാണ് ഈ പുത്തൻ ഗാനം മറികടന്നത്. എ.ആർ. റഹ്മാൻ ഈണം പകരുകയും തെലുങ്ക് പതിപ്പ് ആലപിക്കുകയും ചെയ്ത ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “വാ വാ വീരാ” എന്ന വരികളോടെ എത്തിയ ഗാനത്തിന്റെ മലയാളം പതിപ്പ് രചിച്ചത് സിജി തുറവൂരും ആലപിച്ചത് ജിതിൻ രാജുമാണ്.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനം, ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പെദ്ധി’ക്കുണ്ട്. സംവിധായകൻ ബുചി ബാബു സനയുടെ സിഗ്നേച്ചർ മേക്കിംഗ് ശൈലിയും അമ്പരപ്പിക്കുന്ന സിനിമാറ്റിക് ഫ്രെയിമുകളും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവരുടെ സഹകരണത്തോടെ വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 ഏപ്രിൽ 30-നാണ് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുക. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്സും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

