മണികണ്ഠൻ കലാഭവൻ രചന നിർവഹിക്കുന്ന ആദ്യ സിനിമയുടെ പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു. 1971 ഇൻവെസ്റ്റ് മെൻറ്സ് അഡ്വൈസർ സക്കറിയ മുഹമ്മദ് ആണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഡിവിനിറ്റി ഫിലിംസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാക്കളായ ഹർഷവർദ്ധൻ ഡിയോ, യോഗേഷ് ഭാട്ടിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ സംവിധായകൻ നവാഗതനായ ശ്രീശൻ ബാലകൃഷ്ണനാണ്. ജോയ് മാത്യുവാണ് നായകൻ.
പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ നടന്ന കഥയെ ആസ്പദമാക്കി മണികണ്ഠൻ കലാഭവൻ എഴുതിയ ‘ മമ ‘ എന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. ഡിസംബറിലും ജനുവരിയിലുമായി പാലക്കാട്ടെ കഞ്ചിക്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫോട്ടോഗ്രാഫി ബിക്കി ബോസ് ആണ്. തമിഴിലെ സംവിധായകൻ മൈക്കിൾ അരുൺ അസോസിയേറ്റ് സംവിധായകനാകുന്ന സിനിമയുടെ ലൈൻ പ്രൊഡ്യൂസര്മാര് ജിൻസ് കുര്യാക്കോസും രാജേഷ് ജോണിയുമാണ്. മറ്റ് അഭിനേതാക്കളും ടെക്നിഷ്യന്മാരും അണിയറയിൽ തയ്യാറായി വരുന്നതായും കലാമൂല്യമുള്ള സിനിമ കുറഞ്ഞ ചിലവിലാണ് നിർമ്മിക്കുന്നത് എന്നും അണിയറപ്രവർത്തകർ പറഞ്ഞു. ജൂൺ ടെക്‌നോളജി കമ്പനിയാണ് വിഎഫ്എക്സ് തയാറാക്കുന്നത്.