സംവിധായകൻ ആരെയും എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണിക്കേണ്ട ആവശ്യമില്ലെന്നും എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെടുന്നതടക്കം സിനിമയിൽ ഇടപെടുന്ന അഭിനേതാക്കൾ മുൻപുമുണ്ടെന്നും അതിനിയും ഉണ്ടാകുമെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. എഡിറ്റ് കാണിക്കണമെങ്കിൽ നിർമ്മാതാക്കളെ മാത്രമേ കാണിക്കേണ്ടതുള്ളൂ. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ആഷിഖ് അബു പ്രതികരിച്ചു. നീലവെളിച്ചം എന്ന സിനിമയുടെ ജിസിസിയിലെ റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആഷിഖ് അബു.
നാട്ടുകാരെല്ലാവരും കാണുന്ന സിനിമകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, സിനിമയിൽ രാഷ്ട്രീയ നിലപാടുകളുണ്ടോ എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നും ആഷിഖ് അബു പറഞ്ഞു. ഒറിജിനൽ തിരക്കഥയിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എ. വിൻസന്റ് ഭാർഗവീനിലയം ഒരുക്കിയത്. ഒറിജിനലിനെ അടിസ്ഥാനമാക്കിയുണ്ടാക്കിയതാണ് നീലവെളിച്ചം. ഇനിയും ഏറെ സിനിമകൾ ചെയ്യാനുള്ള അക്ഷയപാത്രമാണ് ആ തിരക്കഥയെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
ഭാർഗവീനിലയം സിനിമ കാണാതെയാണ് നീലവെളിച്ചത്തിൽ അഭിനയിച്ചതെന്നും തങ്ങളുടേതായ ഭാഷയിൽ സങ്കൽപിച്ചതാണ് നീലവെളിച്ചം എന്നും നീലവെളിച്ചത്തിലെ നായകൻ ടൊവിനോ തോമസ് പറഞ്ഞു. താൻ ഒരു ഗ്യാങിന്റെയും ഭാഗമല്ലെന്നും കംഫർട്ട് സോണ്‍ നോക്കി സിനിമകള്‍ തെരഞ്ഞെടുത്താൽ വളർച്ചയുണ്ടാകില്ലെന്നും താരം പറഞ്ഞു. പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ദിവസവും പ്രതികയ്ക്കാൻ തയ്യാറാണെന്നും എല്ലാത്തിനോടും പ്രതികരിക്കാൻ ചലച്ചിത്ര പ്രവർത്തകർ ന്യായാധിപന്മാരല്ലെന്നും കൈയ്യടി നേടാൻ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. പ്രതികരിക്കുന്ന കലാകാരന്മാരെല്ലാം അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ട്. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് തങ്ങൾക്ക് നേരെ വിരൽചൂണ്ടിയിട്ടുണ്ട്. മോശമായുള്ള സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കുക എന്ന കാര്യം മാത്രമേ സിനിമാ കലാകാരൻ ശ്രദ്ധിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
നീലവെളിച്ചത്തിൽ തന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. ജിസിസിയില 80ലേറെ തിയറ്ററുകളിലാണ് നീലവെളിച്ചം പ്രദർശിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ നടൻ ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സാജൻ അലി, അബ്ബാസ് പുതുപ്പറമ്പിൽ, വിതരണക്കാരായ സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഒപിയും ബിഡിഒയുമായ രാജൻ വർക്കല എന്നിവരും സംബന്ധിച്ചു.