അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന ഇന്ത്യൻ സൂപ്പര്‍ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ.
ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാക്കുന്നത്. കവിയായ ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രനാണ് അമിതാഭ് ശ്രീവാസ്തവ ബച്ചൻ. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ ‘ആനന്ദി’ൽ ആണ് .
ഒരിക്കൽ ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച അമിതാഭ് ബച്ചൻ എന്ന യുവാവ്, അതേ ശബ്ദത്തിന്‍റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലെ ചക്രവർത്തി കസേരയിലേക്ക് ആദ്യ ചുവട് വെച്ചത്. യാഷ് ചോപ്രക്കൊപ്പം പ്രണയ നായകനായി തിളങ്ങിയ സിനിമകൾ ഒട്ടേറെയാണ് . ‘ഷോലെ’, ‘നമക് ഹരം’, ‘അമർ അക്ബർ ആന്‍റണി’, ‘കഭീ കഭീ’, ‘അഭിമാൻ’, ‘മജ്ബൂർ’, ‘ചുപ്കെ ചുപ്കെ’, ‘ദീവാർ’, ‘മിസ്റ്റർ നടവ്ർ ലാൽ’ അങ്ങനെഎത്രയെത്ര സിനിമകൾ.
മികച്ച നടനുള്ള ആദ്യ ഗേശീയ പുരസ്കാരം ‘അഗ്നിപഥി’ലൂടെ കിട്ടി. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളുമായി ബച്ചൻ ശരിക്കും മിന്നിച്ചു. ‘ബ്ലാക്കും’ ‘പാ’യും’ ‘പീകു’വും ആയി പിന്നെയും ദേശീയ പുരസ്കാരങ്ങൾ. ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാബേബ് ഫാൽക്കെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി . മൂന്ന് പദ്മ അവാര്‍ഡുകള്‍. പ്രതിഭയ്ക്കും കഠിനാധ്വാനത്തിനും ആദരമായി തേടിയെത്തിയ അംഗീകാരങ്ങൾ നിരവധിയാണ്. പ്രായം എന്നത് കലക്കോ അഭിനയത്തിനോ തടസ്സമോ വെല്ലുവിളിയോ അല്ലെന്ന് അദ്ദേഹം ഇന്നും തെളിയികൊണ്ടിരിക്കുന്നു.