ദുബൈ: ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾ തന്നാൽ ഇക്കുറി തൃശൂർ എടുക്കും, ജയിക്കുമെന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ജയിപ്പിച്ചാൽ വ്യത്യസ്തമായ തൃശൂരിനെ കാണാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയില്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്‍റെ പ്രമോഷനോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള തന്‍റെ അപക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുൺ വർമ സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് ‘ഗരുഢൻ’. നവംബർ മൂന്നിനാണ് ‘ഗരുഢൻ’ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ സീദ്ധീഖ്, അഭിരാമി, ദിവ്യ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണ് ഈ ചിത്രം എന്നും കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും നടൻ വ്യക്തമാക്കി.
2014ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ അതിന്‍റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത് എന്നും എല്ലാ കാലത്തും ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവരടക്കം ഇരകളായിട്ടുണ്ടെന്നും ഇരകളുടെ പരാതികൾ സ്വീകരിക്കാൻ യു.എ.ഇയിൽ അദാലത്ത് നടത്താൻ എംബസിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.