ന്യൂഡൽഹി: ഗുജറാത്തിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടിയത്. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ (ഐഎംബിഎൽ) നിന്നായിരുന്നു രാജ്യത്തെ തന്നെ വലിയ മയക്കുമരുന്ന് വേട്ട നടന്നത്
കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടതോടെ ലഹരിക്കടത്ത് സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. കണ്ടെടുത്ത ലഹരി മരുന്ന് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മയക്കുമരുന്ന് രഹിത ഭാരതം എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.
ഗുജറാത്ത് എടിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, മാരിടൈം ബൗണ്ടറി രേഖയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് നിർത്തിയിട്ടിരിക്കുന്നതുകണ്ടാണ് കോസ്റ്റ് ഗാർഡ് പരിശോധനയ്‌ക്കെത്തിയത്. അതിർത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യൻ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. നേരത്തെ രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തുടനീളം ലഹരിക്കടത്ത് തടയാൻ റെയ്ഡുകളാണ് നടക്കുന്നത്.