ഇറാൻ ആണവായുധം കൈവശം വയ്ക്കാനുള്ള ആശയം ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അല്ലെങ്കിൽ അവരുടെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ പദ്ധതിയെക്കുറിച്ച് യുഎസും ഇറാനും ഒമാനിൽ ചർച്ചകൾ നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ മുന്നറിയിപ്പ്.
ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുന്നതിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയ ട്രംപ്, യുഎസുമായുള്ള ആണവ കരാർ ടെഹ്‌റാൻ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചതായി എപി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 19 ന് റോമിൽ നടക്കുന്ന യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു, “ഇറാൻ ആണവായുധം എന്ന ആശയത്തിൽ നിന്ന് മുക്തി നേടണം. ഇവർ തീവ്രവാദികളാണ്, അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല.” ഈ മാസം ആദ്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപായ ഡീഗോ ഗാർസിയയിൽ യുഎസ് കുറഞ്ഞത് ആറ് B-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളെങ്കിലും വിന്യസിച്ചിരുന്നു. ഇറാനെ പിന്തിരിപ്പിക്കാനുള്ള ശ്രമമായാണ് വിദഗ്ധർ ഈ നീക്കത്തെ കാണുന്നത്.
2015-ൽ അമേരിക്കയും ഇറാനും മറ്റ് അഞ്ച് ആഗോള ശക്തികളും തമ്മിൽ ചർച്ച ചെയ്ത ആണവ കരാറിൽ നിന്ന്, യുഎസ് പ്രസിഡന്റായിരുന്ന തന്റെ ആദ്യ ടേമിൽ ട്രംപ് പിന്മാറി. പുതിയ ആണവ കരാറിനെക്കുറിച്ചുള്ള ആദ്യ ഘട്ട ചർച്ചകൾ കഴിഞ്ഞ വാരാന്ത്യത്തിൽ ഒമാനിൽ ആണ് നടന്നത്.