അക്ഷരങ്ങൾ കോർത്തിണക്കിയ മായാത്ത മഴവില്ലിനാൽ ഗാനപ്രപഞ്ചം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുന്നു. പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും ഗൃഹാതുരുതയുടെയും ചിത്രങ്ങൾ അക്ഷരങ്ങളാൽ കോറിയിട്ട പ്രിയ കവി ഇന്ന് ഒപ്പമില്ല എന്ന തിരിച്ചറിവ് മലയാളികൾക്ക് എന്നും തീരാനഷ്ടം തന്നെയാണ്. കേട്ടു പഠിച്ചതും പാടി പതിഞ്ഞതും ആയ ഒരു പിടി ഗാനങ്ങൾ ഒഎൻവിയുടേതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. തലമുറകളോളം ഒരു മൂളിപ്പാട്ടായി പാടി നടക്കുന്ന ഒഎൻവിയുടെ പാട്ടുകൾ തന്നെയാണ് ഒഎൻവിയെ എന്നും മലയാളത്തിന്റെ പ്രിയകവി ആക്കുന്നത്. ഇന്നും കാല്പനികതയുടെ വസന്തം ഒളിമങ്ങാതെ നിലനിർത്തുന്ന ഒരേ ഒരു കവിയും ഒഎൻവി കുറുപ്പ് തന്നെ.
അരുണയുഗത്തിന്റെ പ്രതിനിധിയായി കാവ്യജീവിതം ആരംഭിച്ച ഒഎൻവി യുടെ ഇഷ്ട പ്രണയിനി എന്നും കവിത തന്നെയായിരുന്നു. ചലച്ചിത്ര ഗാനങ്ങളും, നാടക ഗാനങ്ങളും ഉൾപ്പെടെ ആയിരത്തിൽപരം ഗാനങ്ങളാണ് ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണത്. മഷിത്തുള്ളികൾ ചാലിച്ച ഓരോ വാക്കിലും തന്റേതായ മധുരമോഹനശൈലി അദ്ദേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.
മലയാളത്തിന്റെ പ്രണയ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒഎൻവി അക്ഷരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രണയഗാനങ്ങൾ ഒക്കെയും ആരും മൂളി നടക്കാൻ കൊതിക്കുന്നതും, ആരുടെയുള്ളിലും പ്രണയത്തിന്റെ വസന്തം വിരിയിക്കുന്നവയുമായിരുന്നു. ആ വരികൾ തീർക്കുന്ന അത്ഭുതം വാക്കുകളിലൊതുക്കാനാവില്ല. അത്രമേൽ ഹൃദ്യവും അതിനേക്കാൾ മധുരവും എന്നും ഒ എൻ വിയുടെ വരികളുടെ മാത്രം പ്രത്യേകതയായിരുന്നു.
” അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ…ഒരു മാത്ര വെറുതെ നിനച്ചു പോയി…. ” ഇത് പാടി നടക്കാത്ത മലയാളികൾ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരുവട്ടമെങ്കിലും മൂളി നടന്നവർക്ക് അറിയാം ആ വരികളുടെ മാസ്മരികത. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം….. ഈ ഗാനത്തിലെ വരികൾ മനസ്സിൽ ഉണർത്തുന്ന മോഹങ്ങൾക്ക് അതിരില്ല… അന്നും ഇന്നും എന്നും… അതിന്റെ ഭംഗിയോളം വരില്ല മറ്റൊന്നും. ഗൃഹാതുരത്വത്തിന്റെ ഭാഷ ഇതിനേക്കാൾ മനോഹരമായി പറയുവാൻ കഴിയുമോ? സാധിക്കുമെന്ന് തോന്നുന്നില്ല……പ്രകൃതിയെ സ്നേഹിച്ച പ്രിയ കവിയുടെ ബാല്യകാല ഓർമ്മകളും മധുരതരം… അത് നമ്മിൽ നിറയ്ക്കുന്ന അനുഭൂതിയോ അനിർവചനീയം.
ഒഎൻവിയുടെ മനോഹര പ്രണയ ഗാനങ്ങളിൽ വച്ച് ഏറ്റവും പ്രണയാതുരമായ ഗാനങ്ങളിൽ ഒന്നായി മേഘമൽഹാറിലെ ‘ ഒരു നറു പുഷ്പമായി ‘ എന്ന ഗാനത്തെ അടയാളപ്പെടുത്താം.
“ഒരു നറു പുഷ്പമായി എൻ നേർക്കു നീളുന്ന മിഴിമുനയാരുടെതാവാം….
ഒരു മഞ്ജു ഹർഷമായി എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെ ഓർത്താവാം……
അറിയില്ല…. എനിക്കറിയില്ല….” ഈ വരികളിലൂടെ അനർവചനീയമായ ഒരു അനുഭൂതി ആത്മാവിനെ തൊട്ടുണർത്തുന്നുവെങ്കിൽ അത് രചിക്കപ്പെട്ട കലാകാരൻ എത്രത്തോളം അനുഗ്രഹീതനാണെന്ന് പറയേണ്ട കാര്യമില്ല. പ്രണയത്തിന്റെ സിന്ദൂരം വാരിയെറിയുന്ന ഈ ചുവപ്പിനോളം വരില്ല സന്ധ്യയുടെ അന്തിച്ചുവപ്പ് . നഷ്ട പ്രണയത്തിന്റെയും , മനസ്സിൽ കുടിയിരുത്തിയ പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും മുഴുവൻ അംശങ്ങളും ഒപ്പിയെടുത്തിട്ടുണ്ട് ഇതിൽ. ഇത്രത്തോളം മനോഹരമായി പ്രണയിക്കാൻ ആരാണ് കൊതിക്കാത്തത്. പ്രണയത്തെ ഇത്രമേൽ ഭംഗിയായി അതിലേറെ മധുരമായി മറ്റൊരാളുടെ മനസ്സിൽ കോറിയിടാൻ ഒഎൻവിക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. അതുപോലെതന്നെ എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഗാനങ്ങളാണ് നഖക്ഷതങ്ങൾ എന്ന സിനിമയിലേത്.
” ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ ” എന്ന ഗാനവും
” നീരാടുവാൻ നിളയിൽ നീരാടുവാൻ….” എന്ന് തുടങ്ങുന്ന ഗാനവും മൂളി നടക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. അക്ഷരങ്ങൾക്ക് ഇത്രമേൽ ഭംഗിയുണ്ടെന്ന് കാണിച്ചുതന്ന മറ്റൊരു കവിമലയാളത്തിൽ ഉണ്ടാകില്ല.
ഭൂമിക്കൊരു ചരമഗീതം എഴുതിക്കൊണ്ട് പരിസ്ഥിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും നിലവിലെ പാരിസ്ഥിതിക പ്രതിസന്ധികളും മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും ഇന്ന് അവൻ താമസിക്കുന്ന ഭൂമിയെ എവിടെ കൊണ്ടെത്തിച്ചു എന്നും നമുക്ക് കാട്ടിത്തന്നു. ഭൂമിക്കൊരു ചരമഗീതത്തിലൂടെ മനുഷ്യൻ അവന്റെ തന്നെ ചരമഗീതം കുറിക്കുകയാണെന്നുള്ള ആത്യന്തിക സത്യവും ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. തികഞ്ഞ ഒരു പരിസ്ഥിതി സ്നേഹിയായി മാറി മൃതപ്രായയായ ഭൂമിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്ന കവി മനുഷ്യൻ അതിജീവനത്തിന് വേണ്ടി പ്രയത്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു മുന്നറിയിപ്പ് കൂടി ലോകത്തിന് നൽകി.
അക്ഷരങ്ങളാൽ തൂലികത്തുമ്പിലൂടെ വിസ്മയം തീർത്ത പ്രിയ കവിക്ക് മലയാളത്തിന്റെ മനം നിറഞ്ഞ സമ്മാനം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠം. അനുഭവങ്ങളും ഭാവനയും കൊണ്ട് കാവ്യലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച ഒഎൻവി മലയാളത്തിന് എന്നും നികത്താനാവാത്ത നഷ്ടം തന്നെയാണ് എന്ന തിരിച്ചറിവോടെ അദ്ദേഹത്തിന്റെ സ്നേഹത്തിനും അർപ്പണത്തിനും മുൻപിൽ ശതകോടി പ്രണാമം.