തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡ്ഡുവിന്റെ നിർമ്മാണത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ നാലുദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ വിറ്റത് ലക്ഷക്കണക്കിന് ലഡ്ഡു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൈ.എസ്.ആർ.സി.പിയുടെ കാലത്ത് തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡ്ഡു നിർമിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന വിവാദം ഇപ്പോഴും തുടരുകയാണ്. പ്രതിദിനം 60,000 തീർഥാടകർ എത്തുന്നുണ്ട് തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തതിനായി എത്തുന്നുണ്ട്. പ്രസാദമായി നൽകാൻ എല്ലാദിവസവും മൂന്നുലക്ഷം ലഡ്ഡുവും നിർമിക്കുന്നു.
വിവാദം കത്തിപ്പടർന്നിട്ടും നാലു ദിവസം കൊണ്ട് 14 ലക്ഷം ലഡ്ഡുവാണ് വിറ്റുതീർന്നത്. ഓരോ ദിവസവും മൂന്നുലക്ഷത്തിൽ പരം ലഡ്ഡു വിൽപന നടന്നു. സെപ്റ്റംബർ 19ന് 3.59 ലക്ഷവും സെപ്റ്റംബർ 20ന് 3.17 ലക്ഷവും സെപ്റ്റംബർ 21ന് 3.67 ലക്ഷവും സെപ്റ്റംബർ 22ന് 3.60 ലക്ഷവും ലഡ്ഡുവാണ് വിറ്റത്. തീർഥാടകർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകാനാണ് ലഡ്ഡു വാങ്ങാറുള്ളത്.
പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേര്‍ത്തുവെന്ന ആരോപണത്തെതുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ശുദ്ധികലശം നടത്തിയിരുന്നു. നാലു മണിക്കൂറോളം ദൈർഘ്യമുള്ള പൂജയാണ് നടത്തിയത്. ദോഷമകറ്റാനും ലഡ്ഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കാനും വേണ്ടിയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ലഡ്ഡു നിർമാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആദ്യം ആരോപിച്ചത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. പിന്നാലെ ഗുജറാത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ സാംപിളിൽ മൃഗക്കൊഴുപ്പിന്റെയും മത്സ്യ എണ്ണയുടെയും സാന്നിധ്യവും കണ്ടെത്തി. തുടർന്ന് സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര സർക്കാർ. നായിഡുവിന്റെ ആരോപണം വൈ.എസ്.ആർ.സി.പി തള്ളിയിരുന്നു.