സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ സംസ്ഥാനത്ത് അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്‌കൂൾ, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ്, അശ്വാരൂഡ പൊലീസ്, എൻസിസി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തുടങ്ങിയവർ അണിനിരക്കുന്ന പരേഡ് നടക്കും. പരിപാടിയിൽ മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
അതേസമയം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾ നിരോധിച്ചു. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണമെന്നും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ കർശനമായി നിരോധിക്കണമെന്നും പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട് . കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.
സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു. ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും.
ദേശീയ പതാക ഉയർത്തുമ്പോൾ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം.
ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയർത്തും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. ചടങ്ങുകൾ രാവിലെ ഒമ്പതിനോ അതിനുശേഷമോ നടക്കും. സബ് ഡിവിഷൻ, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പതാക ഉയത്തുന്നത്.