ഒരു വ്യക്തിയുടെ വരാൻ പോകുന്ന വർഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷശാസ്ത്രത്തിലൂടെ നിർണയിക്കുന്നത്. കണികണ്ടു കഴിയുമ്പോൾ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍ തെളിയുന്നത് എന്നാണ് വിശ്വാസം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നൊരു വിശ്വാസവും നിലവിലുണ്ട്.
വിഷുഫലം പറയുന്ന രീതി പണ്ടു കാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.