സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 15,640 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഡോളർ കരുത്താർജ്ജിച്ചതോടെ സ്വർണ്ണത്തിന് ഏകദേശം 3.5 ശതമാനവും വെള്ളിക്ക് 5 ശതമാനത്തോളവും വില കുറഞ്ഞു. വിപണിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 9 ട്രില്യൺ ഡോളറിന്റെ മൂലധനമാറ്റമാണ് ആഗോളതലത്തിൽ സംഭവിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷമുള്ള നിക്ഷേപകരുടെ ലാഭമെടുപ്പിലാണ് സ്വര്‍ണവില ഇന്ന് തളര്‍ന്നിരിക്കുന്നത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. മുംബൈ വിപണിയിൽ 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 1,78,860 രൂപയായും 22 കാരറ്റിന് 1,63,960 രൂപയായും വില കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ്.
ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണമുണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇന്നത്തെ തകര്‍ച്ച താത്ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 22000ലേറെ രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

