ഡിസംബറിലെ കനത്ത മഴയെത്തുടർന്ന് മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും. ജനുവരി 31 ശനിയാഴ്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ്‌ലൈൻ ആയ ജയ്‌സ് ഫ്ലൈറ്റ്, യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റായ 1484 ബൈ പുറോ എന്നിവയും പ്രവർത്തനം ആരംഭിക്കും. പർവ്വത പാതകളിലെ സുരക്ഷാ പരിശോധനകൾ ഇതിനോടകംതന്നെ പൂർത്തിയായി കഴിഞ്ഞു.
യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ജബൽ ജയ്സ്. പർവ്വതത്തിലേക്കുള്ള റോഡുകളിലൂടെ ഇപ്പോൾ സുഗമമായ യാത്ര സാധ്യമാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ജബൽ ജയ്‌സ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. ജനുവരി മുപ്പത്തിയൊന്ന് ശനിയാഴ്ച വിനോദസഞ്ചാരികൾക്കായി ഇത് തുറന്നുകൊടുക്കും.
നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ റെഡ് റോക്ക് പ്രദേശം തൽക്കാലം അടഞ്ഞുതന്നെ കിടക്കും. ജെബൽ ജെയ്‌സിനെ ബാധിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ട ബെയർ ഗ്രിൽസ് എക്‌സ്‌പ്ലോറേഴ്‌സ് ക്യാമ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനം ആരംഭിക്കുക.
ഫെബ്രുവരി 7-ന് മൾട്ടി-സിപ്പ്‌ലൈൻ അനുഭവമായ ജെയ്‌സ് സ്കൈ ടൂറും പുനരാരംഭിക്കും.
സന്ദർശകർക്കായി പുതിയ പ്രവേശന നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പർവ്വതത്തിലേക്ക് പ്രവേശനം ലഭ്യമാകൂ. ഇനി മുതൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് ‘ഫ്രീ ഡ്രൈവ്’ അനുവദിക്കില്ല. സിപ്പ്‌ലൈൻ, സ്ലെഡ്ഡർ അല്ലെങ്കിൽ റെസ്റ്റോറന്റ് എന്നിവയിൽ നേരത്തെ ബുക്കിംഗ് ഉള്ളവർക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കാനാണ് അധികൃതർ പുതിയ നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നത്. വ്യൂവിംഗ് ഡെക്ക് പാർക്കിൽ കയറാൻ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഹൈക്കിംഗ് പാതകൾ ഉപയോഗിക്കാനും ടിക്കറ്റ് എടുക്കേണ്ടി വരും.
പർവ്വതത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുണമെന്ന് അധികൃതർ വ്യക്തമാക്കി. പർവ്വത മുകളിൽ താപനില പത്ത് ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. യാത്രയ്ക്ക് മുൻപായി ശൈത്യകാല വസ്ത്രങ്ങൾ കൈയ്യിൽ കരുതാൻ മറക്കരുത്. തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. ഔദ്യോഗിക ചാനലുകൾ വഴി മാത്രം കാലാവസ്ഥ വിവരങ്ങൾ പരിശോധിക്കണം എന്നും അധികൃതർ വ്യക്തമാക്കി.

