തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ് ആൻഡ് പ്രീവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് യോഗം ചേരും. സിപിഎം എംഎൽഎ ഡി കെ മുരളി നൽകിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്ത രാഹുലിനെതിരെ ഉചിതമായ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎൽഎ ഡി കെ മുരളി പരാതിനൽകിയത്.
കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതൽ പുറത്താക്കൽവരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം. ഈ സഭാ സമ്മേളനത്തിൽ തന്നെ സമിതിയുടെ റിപ്പോർട്ടും ഉണ്ടാകും. രാഹുലിനെ പുറത്താക്കാനാണ് സാധ്യത.

