ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ ബാങ്ക് തകരുകയാണുണ്ടായത്. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും തന്ത്രി പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് എസ്‌ഐടി കണ്ടെത്തി എന്നാണ് റിപോർട്ടുകൾ. പണമിടപാടുകളെക്കുറിച്ച് എസ്‌ഐടി നേരത്തേ ചോദ്യം ചെയ്തപ്പോഴൊന്നും, തിരുവല്ലയിലെ ബാങ്കില്‍ നിക്ഷേപിച്ച പണം നഷ്ടമായ കാര്യം കണ്ഠരര് രാജീവര് പറഞ്ഞിരുന്നില്ല. ഇതില്‍ എസ്‌ഐടി ദുരൂഹത സംശയിക്കുന്നു. കണ്ഠരര് രാജീവരുടെ പണമിടപാടുകളെക്കുറിച്ച് വിപുലമായി അന്വേഷിക്കാന്‍ പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായി അന്വേഷിക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 28നാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നത്. കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് മാത്രമാണ് ഇതുവരെ ജാമ്യം കിട്ടി പുറത്തിറങ്ങാനായത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായി 90 ദിവസം ആവുകയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടില്ലാത്തതിനാലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം കിട്ടിയിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം കിട്ടിയിട്ടില്ലാത്തതിനാല്‍ ജയിലില്‍ തുടരുകയാണ്.

