മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരും മരിച്ചതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും തീപിടിക്കുകയും ചെയ്തതായാണ് വിവരം.
ബാരാമതിയിൽ നടക്കാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് എത്തിയതായിരുന്നു അദ്ദേഹം. മുംബൈയിൽ നിന്ന് ചാർട്ടർ ചെയ്ത ലിയർജെറ്റ് 45 (Learjet 45) വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും വലിയ സ്ഫോടനത്തോടെ തകരുകയുമായിരുന്നു. വിമാനാവശിഷ്ടങ്ങൾ റൺവേയിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അപകടം നടന്ന ഉടനെ തന്നെ ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വിമാനത്തിന് തീപിടിച്ചതിനാൽ ആരെയും രക്ഷിക്കാനായില്ല. ആറു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡിജിസിഎ (DGCA) അധികൃതർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
എൻസിപി നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മഹാരാഷ്ട്രയും രാജ്യവും നടുക്കത്തിലാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബാരാമതിയിലേക്ക് തിരിച്ചു. ഭാര്യ സുനേത്ര പവാറും മക്കളായ പാർത്ഥും ജയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. അജിത് പവാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

