കോഴിക്കോട് യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തളളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഷിംജിത ജയിലില്‍ തുടരും.
കണ്ണൂരിലെ പയ്യന്നൂരിൽ നിന്നുള്ള തിരക്കേറിയ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോകൾ വൈറലായതിനെ തുടർന്ന് ഗോവിന്ദപുരത്ത് നിന്നുള്ള സെയിൽസ് മാനേജരായ ദീപക് ജനുവരി 18 ന് ജീവനൊടുക്കുകയായിരുന്നു. രണ്ട് ദശലക്ഷത്തിലധികം തവണ കണ്ട ഈ ക്ലിപ്പുകൾ തീവ്രമായ ഓൺലൈൻ അധിക്ഷേപത്തിന് കാരണമായി. ബസിലെ തിരക്കിനിടയിൽ ആകസ്മികമായി സംഭവിച്ചതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെടുന്നു. ഇത് ബസിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും സ്ഥിരീകരിക്കുന്നു.
സാക്ഷികളെ കൂറുമാറ്റിക്കാനുള്ള സാധ്യതയും കൂടുതൽ അന്വേഷണവുമായി ബന്ധപ്പെട്ട് അവരുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനവും ചൂണ്ടിക്കാട്ടി ഷിംജിതയെ മോചിപ്പിക്കുന്നതിനെ എതിർത്ത പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ട ശേഷം മജിസ്ട്രേറ്റ് എം. ആതിര ഇക്കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ മാറ്റിവച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
ഗോവിന്ദപുരം സ്വദേശി യു.ദീപക് (41) ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. പത്തുവർഷം വരെ തടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ഈ മാസം 19 ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെയാണ് ഷിംജിത ഒളിവിൽ പോയത്. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21 ന് ആണ് പൊലീസ് പിടികൂടി. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാൻഡിൽ ആണ്.
ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിശദമായ വാദം കേട്ടിരുന്നു. ഷിംജിത നിരപരാധിയാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ബോധപൂർവമാണ് ഷിംജിത ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് വാദിഭാഗം അഭിഭാഷകൻ വാദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു. സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്കു കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടുന്നതിനാണ് പ്രതി കുറ്റം ചെയ്തതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ട്. മറ്റുള്ളവരും ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമെന്നും ജാമ്യം നൽകുന്നത് അവർക്ക് പ്രേരണയാകുമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ കോളജ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഷിംജിത പ്രചരിപ്പിച്ച വിഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിഡിയോയ്ക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ, വിഡിയോ തയാറാക്കാനും എഡിറ്റ് ചെയ്യാനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ബസിൽ തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത. ഷിംജിത വിഡിയോ ചിത്രീകരിച്ച ബസിൽ യാത്ര ചെയ്ത യുവതി തന്റെ ദൃശ്യം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

