ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ ഇസ്ലാമിക് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നടപടികൾ തുടരുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പടക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തി.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തുന്ന ക്രൂരതകൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ പെന്റഗൺ തീരുമാനിച്ചത്.
യുഎസ്എസ് അബ്രഹാം ലിങ്കൺ (CVN-72) എന്ന കൂറ്റൻ വിമാനവാഹിനി കപ്പലിനൊപ്പം മൂന്ന് അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും മേഖലയിലെത്തിയിട്ടുണ്ട്. യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് മൈക്കൽ മർഫി എന്നിവയാണ് അകമ്പടി സേവിക്കുന്ന കപ്പലുകൾ. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനാണ് ഈ വിന്യാസമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുന്നത്.
ട്രംപിന്റെ കർശന മുന്നറിയിപ്പ്
ഇറാനിലെ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതും തടവിലാക്കപ്പെട്ടവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നതും തടയണമെന്നാണ് ട്രംപിന്റെ ആവശ്യം. “ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഒരു വൻ നാവികപ്പട ആ ദിശയിലേക്ക് നീങ്ങുന്നുണ്ട്,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തടവിലാക്കപ്പെട്ട 800-ഓളം പേരുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ തന്റെ സമ്മർദ്ദത്തെത്തുടർന്ന് അത് നിർത്തിവെച്ചുവെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഭരണകൂടം ഇത് തള്ളി. പ്രതിഷേധത്തിനിടെ ഇതുവരെ 6,000-ത്തോളം പേർ കൊല്ലപ്പെട്ടതായും 41,800-ലധികം പേർ തടവിലായെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന കണക്ക്.

