തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. എസ്ഐടി അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് സഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് സ്വർണ്ണക്കടത്ത് വിഷയത്തിലെ പ്രതിഷേധം പ്രതിപക്ഷം സഭയെ അറിയിച്ചത്.
എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടക്കുന്നതെന്നും, പ്രതിപക്ഷത്തിൻറെ സമരം ഹൈക്കോടതിക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.
അതേസമയം, പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ സിപിഎം ആക്രമണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻറെ ആവശ്യം.
എന്നാൽ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. നോട്ടീസ് പരിഗണനാ യോഗ്യമല്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയും തുടർന്ന് സഭ വിട്ടിറങ്ങുകയും ചെയ്തു.

