ദുബായ്: പാർക്കിങ് നിയന്ത്രണ സ്ഥാപനമായ ‘പാർക്കിൻ’ നിന്നാണെന്ന് അവകാശപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും പാർക്കിങ് നിയന്ത്രണ സ്ഥാപനമായ ‘പാർക്കിൻ’. പാർക്കിനിൽ നിന്നാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും ജനങ്ങളോട് കമ്പനി ആവശ്യപ്പെട്ടു. എക്സ് അക്കൗണ്ട് വഴിയാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒഫീഷ്യൽ മെസേജുകൾ 7275 എന്ന നമ്പറിൽ നിന്ന് മാത്രമേ അയക്കൂവെന്നും എപ്പോഴും ഒഫീഷ്യൽ പാർക്കിൻ ആപ്പും വെബ്സൈറ്റും ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ദുബൈയിലുടനീളം പാർക്കിങ് സ്ഥലങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ‘പാർക്കിൻ’ആണ്. ഏകദേശം 2,07,000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുടെ ചുമതല കമ്പനിക്കാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ, മാജിദ് അൽ ഫുത്തൈ ഗ്രൂപ്പുമായി സഹകരിച്ച് മൂന്ന് മാളുകളിൽ ‘പാർക്കിൻ’ തടസ്സമില്ലാത്ത പാർക്കിങ് സംവിധാനങ്ങൾ അവതരിപ്പിച്ചിരുന്നു.
2024 ജനുവരിയിലാണ് എമിറേറ്റിന്റെ പെയ്ഡ് പാർക്കിങ് മേൽനോട്ടം വഹിക്കാൻ ദുബൈ സർക്കാർ ‘പാർക്കിൻ’ തിരഞ്ഞെടുത്തുത്തത്. കൂടുതൽ സ്ഥലങ്ങളിലെ പാർക്കിങ് കമ്പനി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ് എന്നിവിടങ്ങളിൽ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ആഗസ്റ്റ് മുതൽ ദുബൈയിലെ 59 പള്ളികളിലെ 2,100 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുടെ നടത്തിപ്പും പാർക്കിൻ ഏറ്റെടുത്തിട്ടുണ്ട്. ചില സ്പിന്നീസ്, വെയ്റ്റ്റോസ് സൂപ്പർമാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിങ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി വെളിപ്പെടുത്തിയിരുന്നു.

