ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ വിക്ഷേപണത്തിൽ തിരിച്ചടി. ഇന്ന് ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ വെച്ചായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ പിഎസ്‌എൽവി കുതിച്ചുയർന്നെങ്കിലും, മൂന്നാം ഘട്ടത്തിൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്. 2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷ ഉൾപ്പെടെ 16 പേലോഡുകളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ദൗത്യം പദ്ധതിയിട്ടിരുന്നത്. മൂന്നാം ഘട്ടത്തിന്‍റെ അവസാനത്തിൽ ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി ലോഞ്ച് വാഹനത്തിന് തടസ്സങ്ങൾ നേരിട്ടതായാണ് ഇസ്രോ അറിയിച്ചത്.
ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യത്തെ വിക്ഷേപണമായിരുന്നു ഇത്. മൂന്നാം ഘട്ടത്തിൽ വിക്ഷേപണ വാഹനത്തിന്‍റെ പാതയിൽ ചില വ്യതിയാനമുണ്ടായതായി ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചിട്ടുണ്ട്. “രണ്ട് ഖര സ്റ്റേജും, രണ്ട് ദ്രാവക സ്റ്റേജും ഉൾപ്പെടെ നാല് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ് പിഎസ്എൽവി സി62. മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തിൽ വിക്ഷേപണ വാഹനം കൃത്യമായി പ്രവർത്തിച്ചെങ്കിലും അവസാനത്തിൽ ചില തടസ്സങ്ങൾ നേരിട്ടു. വാഹനത്തിന്‍റെ പാതയിൽ ചില വ്യതിയാനം ഉണ്ടായി. ഞങ്ങൾ ഈ ഡാറ്റ വിശകലനം ചെയ്‌ത് വരികയാണ്. വിശദീകരണവുമായി ഉടൻ എത്തും”; വി നാരായണൻ പറഞ്ഞു.
തുടർച്ചയായ രണ്ടാം തവണയാണ് മൂന്നാം ഘട്ടത്തിൽ പിഎസ്‌എൽവി തിരിച്ചടി നേരിട്ടത്. മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തിൽ വിക്ഷേപണ വാഹനം ശരിയായ ദിശയിലായിരുന്നെങ്കിലും, അവസാനത്തിൽ തടസ്സങ്ങൾ നേരിട്ടതായാണ് ഇസ്രോ അറിയിച്ചത്. പിഎസ്എൽവിയുടെ 64-ാമത്തെ പറക്കലാണ് ഇത്. കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷമുള്ള പിഎസ്‌എൽവിയുടെ ആദ്യ വിക്ഷേപണമാണ് വീണ്ടും പരാജയപ്പെട്ടത്. അതേസമയം മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കാനായോ, പരാജയപ്പെട്ടോ എന്ന് ഐഎസ്‌ആർഒ സ്ഥിരീകരിച്ചിട്ടില്ല. റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേർപ്പെട്ട ശേഷം സാങ്കേതികപ്രശ്‌നം ഉണ്ടാവുകയും, മൂന്നാം ഘട്ടത്തിന്‍റെ അവസാനത്തിൽ സഞ്ചാരപാത മാറുകയുമായിരുന്നു. വിവരങ്ങൾ വിശകലനം ചെയ്‌ത് വരികയാണെന്നാണും, കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പുറത്തുവിടുമെന്നുമാണ് ഇസ്രോ അറിയിച്ചത്.

