മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ധര്‍മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് അനുഗമിച്ച് വട്ടമിട്ടുപറന്നുതുടങ്ങി. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവിട്ടത്. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

