ലൈംഗിക അതിക്രമ കേസിൽ ഇന്നലെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. അതിജീവിതയായ യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്. തനിക്കെതിരെ പരാതി നൽകിയാൽ യുവതിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന തരത്തിലുള്ള ഗൗരവകരമായ വധഭീഷണികളാണ് രാഹുൽ നടത്തിയ ടെലഗ്രാം ചാറ്റുകളിലുള്ളത്.
നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ ഞാന്‍ ചെയ്യുന്നത് നീ താങ്ങില്ലെന്ന ഭീഷണിയും രാഹുല്‍ ഉയര്‍ത്തുന്നുണ്ട്. “എല്ലാം തീർന്നു നിൽക്കുകയാണ്, എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല” എന്ന തരത്തിൽ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രസ്താവനകളും ഈ ചാറ്റുകളിൽ കാണാം. പേടിപ്പിക്കാൻ നോക്കേണ്ടെന്നും നേരിട്ടതിനേക്കാൾ വലിയ രീതിയിൽ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കുന്ന സന്ദേശങ്ങളിൽ, നാട്ടിലെത്തിയാൽ ഒരു കൂട്ടം ആളുകളുമായി യുവതിയുടെ വീട്ടിലെത്തുമെന്ന ഭീഷണിയുമുണ്ട്. കോടതിയിൽ കേസ് വന്നാൽ ഒന്നും സംഭവിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ വാർത്താസമ്മേളനം നടത്താനും രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.
അതേസമയം നിലവിൽ റിമാൻഡിലായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഏഴു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുന്നത്. അതിജീവിതയുമായി ബന്ധമുണ്ടായിരുന്ന ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനൊപ്പം, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്തുക എന്നതും പൊലീസിന്‍റെ പ്രധാന ലക്ഷ്യമാണ്.
കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും, കസ്റ്റഡി അപേക്ഷയിൽ കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രം ജാമ്യവാദം മതിയെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ നിലപാട്. യുവതിയുമായി ഉണ്ടായ ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ ഗർഭസ്ഥ ശിശുവിന്‍റെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് യുവതി അറിയിച്ചിട്ടും അതിൽ നിന്ന് രാഹുൽ ഒഴിഞ്ഞുമാറിയത് സംശയങ്ങൾ വർധിപ്പിക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെങ്കിൽ പോലും, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നത് സ്ത്രീയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുറത്തുവന്ന ഭീഷണി സന്ദേശങ്ങൾ കൂടി പരിഗണിക്കുമ്പോൾ, പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതിയിൽ നിർണായകമാകും.

