മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ അർധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
ഇന്നലെ രാഹുലിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടന്നത്. മുഖ്യമന്ത്രിക്ക് പരാതിക്കാരി വളരെ വൈകാരികമായ ശബ്ദസന്ദേശം അയച്ചിരുന്നു. തുടർന്ന് അടിയന്തിര നടപടികൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. രാത്രി 8 മണിയോടെയാണ് രാഹുലിനെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തികച്ചും രഹസ്യാത്മകമായ രീതിയിലാണ് അന്വേഷണസംഘം നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.
പത്തനംതിട്ട എ ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം വെെദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതൽ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ വഴിനീളെ രാഹുലിന് നേരെ ഡിവെെഎഫ്ഐ, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

