ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
പത്മകുമാറിന്റെയും പോറ്റിയുടെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീണ്ടതെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. രണ്ടരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്ഞയും നൽകുകയാണു ചെയ്തിരുന്നുവെന്നും ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവരര് പറഞ്ഞിരുന്നു.
പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം.

