ശൈത്യകാല അവധിക്ക് ശേഷം 2025-26 അധ്യയനവർഷത്തെ രണ്ടാം പാദത്തിലേക്ക് കടക്കുകയാണ് യു എ ഇയിലെ വിദ്യാലയങ്ങൾ. ഡിസംബർ എട്ട് മുതൽ ആരംഭിച്ച ശൈത്യകാല അവധി ഇന്നലെ അവസാനിച്ചു. യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാംപാദത്തിന്റെ ആരംഭമാണ് ഇന്ന്. രാജ്യത്തെ 11 ലക്ഷം വിദ്യാർഥികൾ ആണ് ഇന്ന് സ്കൂളിലെത്തുക. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെനാളുകളാണ് വരാനിരിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്തമാസത്തിലാണ് നടക്കുക. കേരള പാഠ്യപദ്ധതി സ്കൂളുകളിൽ മാർച്ചിലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകളും മാർച്ചിലാണ്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളും മാർച്ചിൽ നടക്കും. രണ്ടാം പാദത്തിന് ശേഷം മാർച്ച് പകുതിയോടെ വസന്തകാല അവധിക്കായി അടക്കും.

