മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്നായിരുന്നു സത്യൻ അന്തിക്കാട് കുറിച്ചിരുന്നത്. വിതുമ്പിക്കൊണ്ടാണ് സത്യൻ അന്തിക്കാട് പേനയും പേപ്പറും സമർപ്പിച്ചത്. തന്റെ കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും പേനയും നൽകിക്കൊണ്ട് സത്യൻ നടത്തിയ വിടവാങ്ങൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായി പ്രിയ സുഹൃത്തിന്റെ അന്ത്യയാത്ര. അവസാന നിമിഷം വരെയും തന്റെ പ്രിയപ്പെട്ട ‘ശ്രീനി’ക്കൊപ്പം സത്യൻ അന്തിക്കാട് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥകൾ പിറന്ന ആ വിരലുകൾക്കായി, ധ്യാൻ ശ്രീനിവാസനാണ് സത്യൻ അന്തിക്കാടിന്റെ കയ്യിൽ പേനയും പേപ്പറും നൽകിയത്.
ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും നേരിട്ടെത്തി. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയ തമിഴ് താരം സൂര്യ, ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയുടെ വിയോഗം വലിയ വേദനയുണ്ടാക്കുന്നുവെന്ന് പ്രതികരിച്ചു.

