അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും നേരിട്ടെത്തി. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയ തമിഴ് താരം സൂര്യ, ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയുടെ വിയോഗം വലിയ വേദനയുണ്ടാക്കുന്നുവെന്ന് പ്രതികരിച്ചു.
1977-ൽ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ശ്രീനിവാസൻ നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയും’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രചനയിലേക്ക് കടന്നത്. ശരാശരി മലയാളിയുടെ ജീവിതപ്രശ്നങ്ങളും അന്ധമായ രാഷ്ട്രീയവും പരിഹാസത്തിലൂടെ അവതരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. നർമവും, പരിഹാസവും വിമർശനവും, പ്രണയവും, സൗഹൃദവും, സ്നേഹവും, സങ്കടവും, നിരാശയും അതിന്‍റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിച്ച ജീനിയസ്. ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.

