ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഈ നിർണ്ണായക വിവരങ്ങൾ ഉന്നയിച്ചത്. സുഹൃത്തിന്റെ കയ്യിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. ആദ്യം ഡോക്ടറെ കാണാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും, ഡോക്ടർ പെൺകുട്ടിയുടെ അമ്മയ്ക്ക് പരിചയമുള്ളതിനാൽ യുവതി അത് ഒഴിവാക്കി. ഇതിനുപിന്നാലെയാണ് രാഹുലിന്റെ സുഹൃത്ത് ‘ജോബി’ ഗുളികകൾ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരം ആയിരുന്നില്ലെന്നും, ഭീഷണിയിലൂടെയാണ് രാഹുൽ ഗർഭഛിദ്രം നടപ്പിലാക്കിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

