തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്

