ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. ഇന്ന് തന്നെ തീരുമാനമെടുത്തേക്കും. രാഹുലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി കൈവിട്ടേക്കും. സാഹചര്യം അതീവ ഗൗരവമെന്നാണ് കെപിസിസി വിലയിരുത്തല്‍. രാഹുലിനെ ചുമക്കരുതെന്നു ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി. പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. അല്ലാതെ മതില് ചാടാനല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി – ഇവര്‍ക്കൊന്നും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്തുവെങ്കില്‍ പൊതു രംഗത്ത് മാത്രമല്ല ഒരു രംഗത്തും പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല – കെ മുരളീധരന്‍ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്ത് എന്നും ആ പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുകയും പൊതുസമൂഹത്തില്‍ ചീത്തപ്പേരുണ്ടാക്കാനും പാടില്ല. അങ്ങനെയുണ്ടാക്കിക്കഴിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യം വേണ്ടത് സദാചാരമാണെന്നും അദ്ദേഹം പറഞ്ഞു.

