ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാനും മാജിസ്ട്രേറ്റ് കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം ഒരു മാസം കൂടി നീട്ടിയതോടെ ഇതോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പ്രത്യേക സംഘത്തിന് നാലാഴ്ചത്തെ സമയം കൂടി ലഭിച്ചു. മുൻ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് ഇന്ന് ഹൈക്കോടതിക്ക് അന്വേഷണ സംഘം കൈമാറിയത്. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം അടക്കം ഇനിയും വന്നിട്ടില്ല. കേസില്‍ ഇനിയുമേറെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുണ്ട് എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രത്യേകിച്ച്, കേസിലെ നാലും ആറും പ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
പലയിടങ്ങളിലും തെളിവെടുപ്പ് നടത്താനുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി പൂര്‍ണമായും വരേണ്ടതുണ്ട്. ഇത് പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് അധിക സമയം അനുവദിക്കുന്നത്. കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. നേരത്തെ റാന്നി കോടതി ഇഡിയുടെ ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് ഇഡി ഹൈകോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം എസ്‌ഐടിയുടെ അന്വേഷണത്തെ തടസപ്പെടുത്തി എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.

