പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി മറ്റൊരു യുവതി രംഗത്തെത്തി. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. എ.ഐ.സി.സിക്കും രാഹുൽ ഗാന്ധിക്കും യുവതി പരാതി നൽകി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നൽകി ക്രൂരമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്നും ഇ മെയിൽ വഴി അയച്ച പരാതിയിൽ പറയുന്നു. ഈ പെൺകുട്ടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. എന്നാൽ നിയമനടപടിക്ക് പെൺകുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈൽ നിരീക്ഷണത്തിനായതിനാൽ ടെലഗ്രാം നമ്പർ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടർച്ചയായി വിവാഹ വാഗ്ദാനം നൽകി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിർത്തു എങ്കിലും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടർന്ന് ബന്ധുകളുമായി വീട്ടിൽ എത്താമെന്ന് അറിയിച്ചു. അവധിക്ക് നാട്ടിൽ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറിൽ രാഹുൽ എത്തി. ഫെനി നൈനാൻ എന്നയാൾ ഓടിച്ച കാറിലാണ് രാഹുൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം. യുവതി ഇതുവരെയും രേഖാമൂലം പരാതി നൽകിയിട്ടില്ല.
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയുടെ അറിവോട് കൂടിയാണ് പീഡനം നടന്നത് എന്നും യുവതി ആരോപിക്കുന്നു. നാളെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി വന്നിരിക്കുന്നത്.

