ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ടോടെ തീവ്ര ന്യൂനമർദ്ദമായ ചുഴലിക്കാറ്റ് ഇന്ന് ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂരിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് പെയ്യാനുള്ള സാധ്യതയുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴയുണ്ടാകും.
പുതുച്ചേരിയിലും വിഴുപ്പുറം എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ 334 മരണമാണ് ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്തത്. 370 പേരെ കാണാതായി എന്നും സർക്കാർ അറിയിച്ചു. കാൻഡി നഗരത്തിൽ മാത്രം 88 പേരാണ് മരിച്ചത്. 12 ലക്ഷത്തോളം ദുരിതബാധിതരാണ് രാജ്യത്തുള്ളതെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
അതേസമയം രക്ഷാദൗത്യത്തിനിടെ ശ്രീലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റിന് ജീവൻ നഷ്ടമായി. വിംഗ് കമാന്‍റർ നിർമൽ സിയാംബാല പിതിയയ്ക്കാണ് ജീവൻ നഷ്ടമായത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് പരിക്കേറ്റു. സർവകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. ലങ്കൻ ആരോഗ്യ വകുപ്പിന്‍റെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി ശ്രീലങ്കയിൽ എത്തി. 750 ഓളം ഇന്ത്യക്കാരെ ഇതുവരെ തിരിച്ച് നാട്ടിലെത്തിച്ചു.

