തിരുവനന്തപുരം: കടുവകളുടെ എണ്ണമെടുക്കാൻ വനത്തിൽലേക്കു പോയ വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥയേയും സംഘത്തെയും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ തമിഴ്നാട് അതിർത്തി മേഖലയായ ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ സംഘവുമായാണ് ഇന്നലെ മുതൽ ആശയവിനിമയം നഷ്ടപ്പെട്ടത്. ഇവർ ക്യാംപ് ഷെഡിലേക്ക് തിരിച്ചു വരികയാണെന്നാണ് വിവരം.
ബോണക്കാട് ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ ഉള്ളതായാണ് വിവരം. ഇന്നലെ രാവിലെയോടെയാണ് സംഘം വനത്തിലേക്ക് പോയത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റ് ഓഫീസർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ കാടുകയറിയ സംഘവുമായി വൈകീട്ടുവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും ആറു മണിക്കു ശേഷം വയർലെസ് ബന്ധം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് വനം വകുപ്പ് സംഘങ്ങളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി വനത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നതായി വിവരം ലഭിച്ചത്. അതേസമയം, ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കണാതായെന്ന് നിലവിൽ പറയാനാവില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

