ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. നവംബർ 30വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 69 കോടിയായിരുന്നു വരുമാനം.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽനിന്നാണ്. 47 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 32 കോടി രൂപയായിരുന്നു. ഇത്തവണ 46.86 ശതമാനത്തിന്റെ വർധനവാണ് അരവണ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായത്. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയിൽ നിന്നുള്ള വരുമാനം 26 കോടിയാണ്. 2024ൽ ഇതേസമയം 22 കോടി ആയിരുന്നു കാണിക്ക വരുമാനം. 18.18 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ കാണിക്ക വരുമാനത്തിലുണ്ടായത്.
ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30വരെ ശബരിമലയിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് കുറവായിരുന്നു. എന്നാൽ അവധി ദിനങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത.

