തിരുവനന്തപുരം: യുവതിയുടെ പരാതിയിൽ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാർച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നൽകി. മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണ്. കാറിൽ വച്ചാണ് മരുന്നു കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്‌ഐആറില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ കുറ്റങ്ങൾ
ബിഎന്‍എസ് 64- ബലാത്സംഗം (കുറഞ്ഞത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ, വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം)
ബിഎൻഎസ് 89- നിർബന്ധിത ഗർഭഛിദ്രം (10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ)
ബിഎൻഎസ് 316- വിശ്വാസ വഞ്ചന (5 വർഷം വരെ തടവ്, പിഴ)
ബിഎൻഎസ് 116- ദേഹോപദ്രവമേൽപിക്കൽ (7 വർഷം വരെ തടവ്, പിഴ)
ബിഎൻഎസ് 329- വീട്ടിൽ അതിക്രമിച്ച് കടക്കൽ (ഒരുവർഷം തടവ്, 5000 രൂപ പിഴ)
ബിഎൻഎസ് 351- ഭീഷണിപ്പെടുത്തൽ (2 വർഷം വരെ തടവ്, പിഴ)
ഐടി ആക്ട് 66- ഫോണിലൂടെ ഭീഷണിപ്പെടുത്തൽ (3 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും)

