രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനം മുതൽ ഗർഭച്ഛിദ്രം വരെ ഗുരുതര പരാമർശങ്ങൾ ആണ് എഫ്ഐആറിൽ അടർങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നേരിട്ട് പരാതി നൽകിയിരുന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ചുള്ള ലൈംഗിക ചൂഷണം, വ്യാജ വിവാഹ വാഗ്ദാനം നൽകി ഗർഭം അലസിപ്പിക്കൽ, വാക്കാലുള്ള അധിക്ഷേപം, വധഭീഷണി, ഐടി നിയമത്തിലെ വിവിധ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.
രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്. 2025 മാർച്ച് 17ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തി. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു. മെയ് അവസാന വാരം പാലക്കാട് ഉള്ള എംഎൽഎയുടെ ഫ്ലാറ്റിൽ ഇത് തുടർന്നു. മെയ് 30ന് ഗർഭച്ഛിദ്രത്തിനു വേണ്ട ഗുളികകൾ തിരുവനന്തപുരത്തെ കൈമനത്ത് വെച്ച് കൈമാറി. എംഎൽഎയുമായുള്ള ബന്ധം പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹിക്കുകയും സഹായിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പരാമർശം.
വെള്ളിയാഴ്ച പുലർച്ചെ വലിയമല പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഉന്നതതല അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ അധികാരപരിധിയിൽ ആണ് നിലവിൽ.

