ധാക്ക: ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗണ്‍ പദ്ധതിയില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് മൂന്ന് കേസുകളും ഫയല്‍ ചെയ്‌തിരിക്കുന്നത്.
ഓരോ കേസിലും ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. നിയമപരമായി അംഗീകരിച്ചതിനെക്കാള്‍ അധികം പ്ലോട്ടുകളാണ് അപേക്ഷകളൊന്നും നല്‍കാതെ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ആഴ്‌ചകള്‍ക്കു മുൻപ് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന കേസില്‍ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു വിധി.
ഹസീനയ്ക്ക് പുറമെ മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാല്‍, മുൻ ഐജിപി ചൗധരി അബ്ദുള്ള അല്‍-മാമുൻ എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. 2024 ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍, പീഡനങ്ങള്‍, തിരോധാനങ്ങള്‍, തീവയ്പ്പുകള്‍ എന്നിവയില്‍ മൂവരും ഉത്തരവാദികളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒരു ബംഗ്ളാദേശ് പ്രധാനമന്ത്രിക്കെതിരായുള്ള ആദ്യ ശിക്ഷാവിധിയാണിത്.

