ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നുമാണ് എ.പത്മകുമാറിന്റെ മൊഴി . ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴിയിൽ ഉണ്ടെന്ന് റിപോർട്ടുകൾ ഉണ്ട്.
കേസിൽ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തത്. പത്മകുമാർ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിയിൽ നൽകുന്ന രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് സംബന്ധിച്ച കാര്യങ്ങൾ കൂടി അന്വേഷണ സംഘം ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇന്നലെയാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞതായാണ് റിപോർട്ടുകൾ. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന് മറുപടിയില്ല. അതേസമയം എ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ എസ്ഐടിയുടെ കസ്റ്റഡിയിൽ തുടരും. അതുവരെ ചോദ്യം ചെയ്യലുണ്ടാകും. നേരിട്ടുളള തെളിവെടുപ്പ് ഉണ്ടാകില്ല.

