വാണിജ്യ വിനോദ സാംസ്കാരിക വേദിയായ ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം സീസണിന് വർണ്ണാഭമായ തുടക്കം. ആദ്യ ദിനം തന്നെ ആഗോളഗ്രാമത്തിലെ വിസ്മയക്കാഴ്ചകൾ കാണാൻ സന്ദർശകരുടെ ഒഴുക്കാണ്. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ വിസ്മയലോകം) എന്നപ്രമേയത്തിൽ ഒരുക്കിയ ഈ സീസണിന്റെ കവാടങ്ങൾ സന്ദർശകർക്കായി ഇന്നലെ വൈകിട്ട് 6 ന് ആണ് തുറന്നു കൊടുത്തത്.

റിട്ടംബാർ സ്ട്രീറ്റ് ഡ്രമ്മർമാരും ഗ്ലോബൽ വില്ലേജ് പവലിയനുകളുടെ പ്രതിനിധികളും അണിനിരക്കുന്ന വർണാഭമായ പരേഡോടെ ആണ് 30-ാം സീസണിന് തുടക്കം കുറിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ’30’ എന്ന് ആകാശത്ത് എഴുതിയ ഡ്രോൺ പ്രകടനങ്ങൾ അരങ്ങേറി. തുടർന്ന് വിങ് സ്യൂട്ടഡ് സ്കൈഡൈവർമാരുടെ വ്യോമപ്രദർശനവും, ലേസർ ഷോയും പിന്നാലെ സീസണിലെ ആദ്യത്തെ വർണാഭമായ കരിമരുന്ന് പ്രയോഗത്തോടെ 30-ാം സീസണിന് ഔദ്യോഗിക തുടക്കമായി. ഒക്ടോബർ 15ന് ആരംഭിച്ച് 2026 മെയ് 10ന് അവസാനിക്കുന്ന രീതിയിലാണ് ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്.

എല്ലാ വർഷത്തെയും പോലെ നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
90 സംസ്കാരങ്ങളെ പ്രതിനിധീകരിച്ച് 30 രാജ്യങ്ങളുടെ പവലിയനുകളും സജ്‌ജമായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ എല്ലാവർഷവും എത്താറുള്ള എല്ലാ രാജ്യങ്ങളും ഇക്കുറിയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പവലിയനുകൾ, ലോകോത്തര വിഭവങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ്, റൈഡുകൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവ കൂടാതെ നിരവധി പുതിയ ആകർഷണങ്ങളും ഈ സീസണിലുണ്ട്.

ഗ്ലോബൽ വില്ലേജിലെ പ്രവേശന നിരക്ക് 25 ദിർഹമാണ് . ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റും എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റും ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. കഴിഞ്ഞ വർഷങ്ങളിലെ പോലെ വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.

കേരളത്തിൽ നിന്നുൾപ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഗ്ലോബൽ വില്ലേജിന്റെ കലാവേദികളെ ധന്യമാക്കും. ദിവസവും വൈകുന്നേരം 4 മണി മുതൽ, അതിഥികൾക്ക് ഗ്ലോബൽ വില്ലേജിലെ 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250-ലധികം ഡൈനിംഗ് ഓപ്ഷനുകളും ഉൾക്കൊള്ളുന്ന 30 പവലിയനുകൾ സന്ദർശിക്കാനും 200-ലധികം റൈഡുകൾ, ഗെയിമുകൾ, ആകർഷണങ്ങൾ എന്നിവ ആസ്വദിക്കാനും സീസണിലുടനീളം 40,500 ഷോകൾ കാണാനും കഴിയും. പ്രശസ്തമായ ഗ്ലോബൽ വില്ലേജ് വെടിക്കെട്ട് എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണിക്ക് ആകാശത്ത് പ്രകാശം പരത്തും. എല്ലാ ദിവസവും മിക്ക രാജ്യങ്ങളുടെ പവിലിയനുകളിലും അതാത് രാജ്യങ്ങളുടെ സാംസ്‌കാരിക സംഗീത നൃത്ത പരിപാടികളും അരങ്ങേറും.